അപൂര്‍വ രക്തത്തിനായി ഹൃദയമിടിച്ച് കുരുന്ന്; ഈ രക്തഗ്രൂപ്പ് രാജ്യത്തുളളത് രണ്ട് പേര്‍ക്ക് മാത്രം

തിരുവനന്തപുരം: അഞ്ചുവയസുകാരിയുടെ ജീവന്‍ രക്ഷിക്കാനായി അത്യപൂര്‍വമായ രക്തഗ്രൂപ്പിനായി സോഷ്യല്‍ മീഡിയയിലൂടെ ലാേകം മുഴുവന്‍ അന്വേഷണം. പി നള്‍ എന്ന രക്തഗ്രൂപ്പിനായാണ് രക്തദാതാക്കളും ഡോക്ടര്‍മാരും സാധ്യമായ എല്ലാ വഴികളുപയോഗിച്ച് അന്വേഷണം നടത്തുന്നത്.ലണ്ടനിലെ ഒരു ആശുപത്രിയില്‍ രക്തം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനുഷ്‌കയെന്ന കുഞ്ഞിനാണ് രാജ്യത്തുതന്നെ രണ്ടുപേര്‍ക്ക് മാത്രമുളള അത്യപൂര്‍വമായ ഈ രക്തഗ്രൂപ്പ് ആവശ്യമുളളത്. തലയ്ക്കുപരിക്കേറ്റതിനെ തുടര്‍ന്നാണ് കുഞ്ഞിന് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ആദ്യ ഘട്ട ശസ്ത്രക്രിയ നടത്തി. ഏറ്റവും പ്രധാനപ്പെട്ട ശസ്ത്രക്രിയ നടത്തണമെങ്കില്‍ പി നള്‍ എന്ന രക്ത ഗ്രൂപ്പ് കിട്ടണം. ഈ ഗ്രൂപ്പിലെ രക്തം ലഭിക്കാനുളള സാദ്ധ്യത വെറും ഒരു ശതമാനം മാത്രമാണെന്നാണ് വിലയിരുത്തുന്നത്. 2018 ല്‍ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സ തേടിയ ഈ രക്ത ഗ്രൂപ്പുളളയാളെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും എ ബി ഒ ചേരാത്തത്തിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ഡോ. ഷാമീ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത്. രോഗിക്ക് രക്തം മാറ്റിവയ്ക്കുന്നതിനായുളള ലാബ് പരിശോധനയാണ് പുതിയ രക്ത ഗ്രൂപ്പ് നിര്‍ണയിച്ചത്. രക്തത്തിലെ ആന്റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അപൂര്‍വരക്തഗ്രൂപ്പിന് കാരണമാകുന്നത്