ഈ പുസ്തകം വായിക്കാന്‍ ആദ്യം കത്തിക്കണം! തീ താക്കോലായി മാറുന്ന അപൂര്‍വ പുസ്തകം

പുസ്തകം നമുക്ക് മുന്നില്‍ മറ്റൊരു ലോകമാണ് തുറന്ന് തരിക. പുസ്തകം വായന ഇഷ്ടമുളളവര്‍ക്ക് അത്‌പോലെ ആനന്ദം നല്‍കുന്ന മറ്റൊന്നും തന്നെ ഉണ്ടാവുകയുമില്ല. എന്നാല്‍ ചില പുസ്തകങ്ങള്‍ അത്രയെളുപ്പം നമുക്ക് വായിക്കാനാവില്ല. കടിച്ചാല്‍ പൊട്ടാത്ത ഭാഷ കൊണ്ടൊന്നും അല്ല അത്. ചില പുസ്തകങ്ങള്‍ വായിക്കണമെങ്കില്‍ കത്തിക്കുകയാണ് വേണ്ടത്. അങ്ങനൊരു പുസ്തകമാണ് സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ പേജില്‍ പരിചയപ്പെടുത്തുന്നത്.

റേ ബ്രാഡ്ബറി എഴുതിയ ഫാരന്‍ഹൈറ്റ് 451 എന്ന പുസ്തകത്തെക്കുറിച്ചുള്ള വീഡിയോയാണ് ഈ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പുറം ചട്ടയും അകത്തെ താളുകളും കറുത്ത നിറമാണ്. അതായത് തുറന്നു നോക്കുമ്പോള്‍ ഇരുട്ട് മാത്രം. എന്നാല്‍ നിങ്ങള്‍ക്ക് അതിലെ അക്ഷരങ്ങള്‍ വായിക്കണമെങ്കില്‍ എന്ത് ചെയ്യണമെന്നോ ഒരു ലൈറ്റര്‍ എടുത്ത് ഓണ്‍ ചെയ്ത് അതിലെ തീ പുസ്തകത്തിലെ കറുത്ത പേപ്പറിലേക്ക് അടുപ്പിക്കണം. അപ്പോള്‍ അതാ വെള്ള പേപ്പറില്‍ കറുത്ത അക്ഷരങ്ങള്‍ തെളിഞ്ഞു വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ശരിക്കും ഒരു മാജിക്ക് പോലെ. ഇതിന്റെ വീഡിയോ സയന്‍സ് ഗേള്‍ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്.

ഫാരന്‍ഹൈറ്റ് 451 എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് ഏതു തരത്തിലുള്ള പുസ്തകങ്ങളും കത്തിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അഗ്‌നിശമന പ്രവര്‍ത്തകന്റെ കഥയാണെന്നാണ് ഈ മാജിക് ബുക്ക് വില്‍ക്കുന്ന സൂപ്പര്‍ ടെറൈന്‍ സ്വന്തം വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. ഈ പുസ്തകത്തിന്റെ ഓരോ പേജുകളും തയ്യാറാക്കിയിരിക്കുന്നത് തീ പോലുള്ള ചൂടുള്ള പദാര്‍ത്ഥങ്ങളുമായി ചേര്‍ന്നിരുന്നാല്‍ തെളിയുന്ന വിധത്തിലുള്ള പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ്.