സമയയന്ത്രത്തില്‍ യാത്ര ചെയ്യാന്‍ നേരമായി; കാത്തിരുന്ന ‘ഡാര്‍ക്ക്’ കണ്‍മുന്നില്‍


നെറ്റ്ഫ്‌ളിക്‌സിലെ ജര്‍മന്‍ സീരിസായ ഡാര്‍കിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് സീരിസ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി. ഉച്ചയ്ക്ക് 12.30നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ സീരീസ് പുറത്തിറങ്ങിയത്‌.
ജര്‍മന്‍ ഭാഷയിലെ ആദ്യ നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ സീരിസാണ് ഡാര്‍ക്. 2017ല്‍ ആദ്യ സീസണ്‍ ഇറങ്ങിയ സമയം മുതല്‍ ഓരോ എപ്പിസോഡിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഡാര്‍ക് മുന്നേറിയത്.

2019ല്‍ രണ്ടാം സീസണ്‍ ഇറങ്ങിയപ്പോഴേക്കും ഈ സീരിസ് നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും പോപ്പുലറായ സീരിസുകളിലൊന്നായിരുന്നു.ഡാര്‍കിലെ സയന്‍സ് ഫിക്ഷന്‍ തിയറികളെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഓരോ ഫാന്‍സ് പേജുകളിലും നടക്കുന്നത്. രണ്ടാം സീസണിന്റെ അവസാന ഭാഗം ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്നാം സീസണിനായി വലിയ ആകാംക്ഷയിലാണ് ഡാര്‍ക് കണ്ടവരില്‍ ഒട്ടുമിക്കവരും. രണ്ടാം സീസണിന്റെ അവസാന ഭാഗം ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂന്നാം സീസണിനായി വലിയ ആകാംക്ഷയിലാണ് ഡാര്‍ക് കണ്ടവരില്‍ ഒട്ടുമിക്കവരും.

ഡാര്‍ക്കിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു. അഫ്‌സല്‍ റഹ്‌മാന്‍ എന്നയാള്‍ സിനിമാ പാരഡൈസോ ക്ലബ്ബില്‍ പങ്കുവെച്ചതാണ് പോസ്റ്റ്.

സയന്റിഫിക് വശങ്ങളെ പറ്റി ഒരു പിടിയുമില്ലെങ്കില്‍ പോലും നമ്മളുടെയൊക്കെ ഫാന്റസികളില്‍ അറിഞ്ഞോ അറിയാതെയോ വന്നിട്ടുള്ളതാണ് ടൈം ട്രാവല്‍ എന്ന concept. പരീക്ഷക്ക് മുന്‍പേ question പേപ്പര്‍ കിട്ടിയെങ്കില്‍ എന്ന ഫാന്റസി ഒക്കെ ടൈം ട്രാവലിന്റെ സാധ്യതയായിരുന്നു മുന്നോട്ട് വെക്കുന്നത്. ടൈം ട്രാവല്‍ എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ് അതിലെ paradox കള്‍. Paradox എന്നാല്‍ വൈരുദ്ധ്യം എന്ന് എളുപ്പത്തില്‍ പറയാം. അഴിക്കാന്‍ ശ്രമിക്കുന്തോറും മുറുകുന്ന ഒരു കുരുക്ക്. അങ്ങനെ ചില paradoxകളാണ് Grandfather paradox ഉം Bootstrap paradox ഉമൊക്കെ.

?Grandfather Paradox.
നിങ്ങള്‍ ടൈം ട്രാവല്‍ ചെയ്ത് നിങ്ങളുടെ മുത്തച്ഛന്റെ കുട്ടിക്കാലത്തേക്ക് പോയി പുള്ളിയെ കൊല്ലുന്നു എന്ന് സങ്കല്‍പ്പിക്കുക. ഫലമോ നിങ്ങളുടെ അച്ഛനോ നിങ്ങളോ ഉണ്ടാവുന്നില്ല. പിന്നെങ്ങനെ നിങ്ങള്‍ ടൈം ട്രാവല്‍ ചെയ്യും ! ഇതാണ് Grandfather Paradox.
Hypothetical ആയി ഇതിന് രണ്ട് സാധ്യതകള്‍ പറയുന്നുണ്ട്. ഒന്ന്, നിങ്ങളെത്ര ശ്രമിച്ചാലും നിങ്ങള്‍ക്കാ കൊലപാതകം നടത്താന്‍ കഴിയില്ല. മുത്തച്ഛന്റെ നേരെ തിരിക്കുമ്പോള്‍ മാത്രം നിങ്ങളുടെ തോക്ക് പൊട്ടില്ല.
രണ്ട്, നിങ്ങള്‍ക്കാ കൃത്യം ചെയ്യാന്‍ കഴിഞ്ഞാല്‍ തന്മൂലം ഒരു പാരലല്‍ യൂണിവേഴ്‌സ് ഉണ്ടാകും. ആ കൃത്യം നടന്നതും, നടക്കാത്തതുമായ രണ്ട് ലോകങ്ങള്‍. പുതുതായുണ്ടായ ലോകം എന്നത് നിങ്ങളുടെ മുത്തച്ഛന്റെ കൊലപാതകം നടന്നതിന് ശേഷമുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലോകമായിരിക്കും.

Movies : Back to the Future trilogy

?Bootstrap Paradox.
ദൃശ്യം സിനിമയുടെ സ്‌ക്രിപ്റ്റുമായി ജീത്തു ജോസഫ് ആ കഥ ആലോചിക്കുന്നതിനു മുന്നേയുള്ള ഒരു കാലത്തേക്ക് നിങ്ങള്‍ ടൈം ട്രാവല്‍ ചെയ്യുന്നു. ജീത്തുവിനെ കണ്ടെത്തി ആ സ്‌ക്രിപ്റ്റ് കൊടുത്ത ശേഷം നിങ്ങള്‍ തിരികെ വരുന്നു. സ്‌ക്രിപ്റ്റ് വായിക്കുന്ന ജീത്തു വണ്ടറടിക്കുന്നു , മമ്മൂട്ടിയെ വിളിക്കുന്നു. ബാക്കി നടന്നത് ചരിത്രം. ഇനി ആ സ്‌ക്രിപ്റ്റിന്റെ origin എവിടെയാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. ദൃശ്യം സിനിമ ഉണ്ടായത് കൊണ്ട് നിങ്ങള്‍ക്കാ സ്‌ക്രിപ്റ്റ് കിട്ടി, നിങ്ങളത് ജീത്തുവിന് കൊടുത്തത് കൊണ്ട് ദൃശ്യം സിനിമയുണ്ടായി. ഇതാണ് Bootstrap Paradox.

Movies : Somewhere in Time (1980), Bill and Ted’s Excellent Adventure (1989), Terminator movies and Time Lapse (2014)

?Predestination Paradox.
ഇതേ പേരില്‍ വന്ന സിനിമ കണ്ടവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഒരു paradox ആണ് Predestination paradox. നമ്മള്‍ എന്തെങ്കിലുമൊരു കാര്യം തടയാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമഫലമായി ആ കാര്യം സംഭവിക്കുന്നതാണ് ഇത്. ഉദാഹരണത്തിന്, ചോട്ടാ മുംബൈ സിനിമയില്‍ നടേശന്റെ കേസ് എടുക്കാം. ടൈം ട്രാവല്‍ ചെയ്ത് വന്ന ഒരാള്‍ നടേശനോട് പറയുകയാണ് , നിങ്ങളുടെ അനിയന്‍ ഇന്ന ദിവസം ഇന്ന സമയത്തു കൊല്ലപ്പെടും എന്ന്. അത് തടയാന്‍ വേണ്ടി നടേശന്‍ അനിയനെ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ സേഫ് ആക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അറസ്റ്റ് ചെയ്ത് വരുന്ന സമയത്തു രക്ഷപ്പെട്ടോടി അനിയന്‍ accident ആയി മരിക്കുന്നു. എന്താണോ നടേശന്‍ തടയാന്‍ ഉദ്ദേശിച്ചത് അതയാളുടെ പ്രവര്‍ത്തി കൊണ്ട് സംഭവിക്കുന്നു.

Movies : 12 Monkeys (1995) , Timecrimes (2007) , The Time Traveler’s Wife (2009) and Predestination (2014)

?Hitler paradox.
ഹിറ്റ്‌ലറിന്റെ ക്രൂരതകളെ പറ്റി അറിയുന്ന ഏതൊരാള്‍ക്കും ടൈം ട്രാവലിന്റെ സാധ്യതകള്‍ വെച്ച് ഹിറ്റ്‌ലറിനെ ചെറുപ്പത്തിലേ കൊന്നുകളഞ്ഞാല്‍ പോരെ എന്ന് ചിന്തിക്കാം. ഈ ഒരു സാധ്യത ആലോചിക്കുമ്പോള്‍ ഉണ്ടാകുന്ന paradox ആണ് Hitler paradox.
നിങ്ങള്‍ ഹിറ്റ്‌ലറിന്റെ കുട്ടിക്കാലത്തേക്ക് പോയി അയാളെ കൊന്നു എന്ന് കരുതുക. രണ്ടാം ലോകമഹായുദ്ധം ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ടൈം ട്രാവല്‍ ചെയ്യണ്ട ആവശ്യവും ഇല്ല. പിന്നെന്തിന് നിങ്ങള്‍ ഹിറ്റ്‌ലറെ കൊല്ലണം ?!
Grandfather paradox എന്നത് ഏറ്റവുമധികം ബാധിക്കുന്നത് നിങ്ങളെയാണെങ്കില്‍ Hitler paradox കുറേക്കൂടി വലിയ ക്യാന്‍വാസില്‍ ആവും ലോകത്തെ ബാധിക്കുക . അതുകൊണ്ട് തന്നെ Grandfather paradox ന്റെ ഒരു ഗ്ലോബല്‍ വെര്‍ഷന്‍ എന്നിതിനെ വിളിക്കാം.

ഇവയില്‍ ഓരോന്നും വിഷയമാക്കി പല ടൈം ട്രാവല്‍ സിനിമകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം കൂടി ഒരു വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ‘One of the best tv series ever produced’ എന്ന് പറയാന്‍ പറ്റുന്ന 2017ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ സീരീസ് ആയ Dark. മൂന്ന് സീസണില്‍ പൂര്‍ത്തിയായ സീരിസിന്റെ അവസാന സീസണ്‍ നാളെയാണ് റിലീസ് ആകുന്നത്. Script, casting, cinematography, editing, background score തുടങ്ങി എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ ആദ്യ രണ്ട് സീസണുകള്‍ തന്നെയാണ് കൊട്ടിക്കലാശത്തിലേക്കടുക്കുമ്പോള്‍ ആവേശത്തിന്റെ കൊടുമുടിയില്‍ ഏറ്റുന്നത്.