ഇത് പാരസൈറ്റിലെ കല്ല് അല്ല, ഒറ്റ രാത്രി കൊണ്ട് യുവാവിനെ കോടീശ്വരനാക്കിയ രത്‌നക്കല്ല്

അപൂര്‍വമായ രണ്ട് ടാന്‍സാനൈറ്റ് രത്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒറ്റരാത്രി കൊണ്ട് വലിയ സമ്പത്ത് നേടിയിരിക്കുകയാണ് ടാന്‍സാനിയയിലെ ഒരു ചെറുകിട ഖനിത്തൊഴിലാളി. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ രണ്ട് ടാന്‍സാനൈറ്റ് രത്നക്കല്ലുകള്‍ 7.74 ബില്യണ്‍ ടാന്‍സാനിയന്‍ ഷില്ലിംഗാണ് (ഏകദേശം 25 കോടിയിലേറെ ഇന്ത്യന്‍ രൂപ) സനിനിയു ലൈസര്‍ എന്നയാള്‍ക്ക് നേടിക്കൊടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ടാന്‍സാനൈറ്റ് ഖനികളിലൊന്നില്‍ നിന്നാണ് ഇരുണ്ട വയലറ്റ്-നീല രത്നക്കല്ലുകള്‍ ഖനിത്തൊഴിലാളി കണ്ടെത്തിയത്. രത്നക്കല്ലുകളിലൊന്ന് 9.2 കിലോഗ്രാം ഭാരം, രണ്ടാമത്തേതിന്റെ ഭാരം 5.8 കിലോഗ്രാം. പാരസൈറ്റ് എന്ന സിനിമയില്‍ കാണിക്കുന്ന ഭാഗ്യം കൊണ്ടുവരുന്ന കല്ലിന് (പ്രതീകാത്മകം) സമാനമായതാണ് ഈ രത്‌നക്കല്ലുകള്‍. ജൂണ്‍ 24 ന് വടക്കന്‍ മന്യാരയില്‍ നടന്ന ഒരു വ്യാപാര പരിപാടിയില്‍ വച്ച് അദ്ദേഹം അത് വില്പന നടത്തി.

ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മാഗുഫുലി ലെയ്സറെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഈ കണ്ടെത്തല്‍ ചെറുകിട ഖനിത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുമെന്നും ടാന്‍സാനിയയെ സമ്പന്ന രാജ്യമായി മാറുമെന്നും മാഗുഫുലി കൂട്ടിച്ചേര്‍ത്തു. ബാങ്ക് ഓഫ് ടാന്‍സാനിയ രത്നക്കല്ലുകള്‍ വാങ്ങിയതിനുശേഷം ഒരു വലിയ ചെക്ക് സമ്മാനിക്കുന്ന ദൃശ്യങ്ങള്‍ ടാന്‍സാനിയന്‍ ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. ഈ ചടങ്ങില്‍ വച്ച് തത്സമയമാണ് പ്രസിഡന്റ് ജോണ്‍ മാഗുഫുലി ലെയ്സറെ വിളിച്ച് അഭിനന്ദിച്ചത്.

തന്റെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ തനിക്ക് പദ്ധതിയില്ലെന്നും പകരം തന്റെ സമൂഹത്തിന്റെ വികാസത്തിനും തന്റെ നാല് ഭാര്യമാരെയും 30 കുട്ടികളെയും 2,000 പശുക്കളെയും പരിപാലിക്കുന്നതിനും പണം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.കരകൗശല ഖനിത്തൊഴിലാളികള്‍ക്ക് അവരുടെ രത്‌നങ്ങളും സ്വര്‍ണവും സര്‍ക്കാരിന് വില്‍ക്കാന്‍ അനുവദിക്കുന്നതിനായി ടാന്‍സാനിയ കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു.

ചില ഖനന കമ്പനികള്‍ രത്നക്കല്ലുകള്‍ക്കായി ഖനനത്തിനുള്ള സര്‍ക്കാര്‍ ലൈസന്‍സുകള്‍ സ്വന്തമാക്കുന്നുണ്ടെങ്കിലും, അനധികൃത ഖനനവും വ്യാപാര പ്രവര്‍ത്തനങ്ങളും രാജ്യത്ത് വളരെയധികം നടക്കുന്നുണ്ട്. ലോകത്തെ ഏക ടാന്‍സാനൈറ്റ് ഉറവിടമാണെന്ന് വിശ്വസിക്കപ്പെടുന്ന മന്യാരയിലെ മെറലാനി ഖനന സ്ഥലത്തിന് ചുറ്റും 24 കിലോമീറ്റര്‍ (14 മൈല്‍) ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ 2017 ല്‍ പ്രസിഡന്റ് മഗുഫുലി സൈന്യത്തിന് ഉത്തരവിട്ടിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ ഒരു ചെറിയ വടക്കന്‍ പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഒരു രത്‌നമാണ് ടാന്‍സാനൈറ്റ്.