പഴങ്ങളുടെ രാജാവിന് രാജകീയ ഡെലിവറി; മാമ്പഴം ഉപഭോക്താക്കള്‍ക്ക് എത്തിച്ചത് ലംബോര്‍ഗിനിയില്‍

സാധാരണയായി നമ്മുടെ നാട്ടില്‍ സാധനങ്ങള്‍ ഡെലിവെറി ചെയ്യാറുളളത് ഇരുചക്ര വാഹനങ്ങളിലാണെന്ന് നമുക്ക് ്അറിയാം. എന്നാല്‍ യുഎഇയില്‍ മാമ്പഴങ്ങള്‍ ഡെലിവെറി ചെയ്തത് ലംബോര്‍ഗിനി ഹുറാകാനിലാണ്.

പാക്കിസ്ഥാന്‍ സൂപ്പര്‍ മാര്‍കറ്റ്‌സ് എന്ന പേരില്‍ യുഎഇയില്‍ കടകള്‍ നടത്തുന്ന മുഹമ്മദ് ജഹാന്‍സെബ് എന്ന പേരുള്ള വ്യക്തിയാണ് താരം. ഓര്‍ഡര്‍ ലഭിക്കുന്ന മാമ്പഴം ഉപഭോക്താക്കള്‍ക്ക് തന്റെ പച്ച നിറമുള്ള ലംബോര്‍ഗിനി ഹുറാകാന്‍ സ്‌പോര്‍ട്‌സ് കാറിലാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ മുഹമ്മദ് ജഹാന്‍സെബ് എത്തിച്ചു നല്‍കുന്നത്.

ഈ മാസം 18-നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഫേസ്ബുക്ക് പേജില്‍ തങ്ങളുടെ പുത്തന്‍ ഡെലിവറി വാഹനത്തെ പറ്റി പോസ്റ്റ് ചിത്രം സഹിതം പോസ്റ്റിട്ടത്. ‘ഞങ്ങളുടെ പുതിയ ഡെലിവറി വാഹനം. നിങ്ങളുടെ അടുത്ത ഓര്‍ഡറില്‍ ലംബോര്‍ഗിനി ഡെലിവറിക്ക് തിരഞ്ഞെടുക്കുക. അതോടൊപ്പം ഉപഭോക്താവിന് സൗജന്യ സൂപ്പര്‍കാര്‍ സവാരിയും’ എന്നായിരുന്നു അടിക്കുറിപ്പ്. സ്‌പെഷ്യല്‍ ഡെലിവറിയും ലംബോര്‍ഗിനി സൂപ്പര്‍കാറില്‍ സവാരിയും ലഭിക്കാന്‍, ഉപഭോക്താക്കള്‍ കുറഞ്ഞത് 100 ദിര്‍ഹം (2,059 രൂപ) വിലയുള്ള മാമ്പഴം ഓര്‍ഡര്‍ ചെയ്യേണ്ടതുണ്ട് എന്ന് മാത്രം.

നിമിഷ നേരം കൊണ്ട് വൈറലായ ഈ പോസ്റ്റ് കണ്ട് ധാരാളം ജനങ്ങള്‍ പാകിസ്ഥാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മാമ്പഴം ഓര്‍ഡര്‍ ചെയ്യുകയും കാറില്‍ സവാരി ആസ്വദിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍. പണവും പേരും സമ്പാദിക്കാനല്ല, മറിച്ച് ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താനാണ് താന്‍ ഇങ്ങനെ ഒരു ഡെലിവറി ക്രമീകരിച്ചിരിക്കുന്നത് എന്ന് ജഹാന്‍സെബ് പറയുന്നു, ‘ആളുകളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുകയും അവര്‍ക്ക് സ്‌പെഷ്യല്‍ എന്ന ഫീല്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ജഹാന്‍സെബ് കൂട്ടിച്ചേര്‍ത്തു. ‘കോവിഡ് 19 കാരണം, വീടിനുള്ളില്‍ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ ഈ സ്‌പെഷ്യല്‍ ഡെലിവറി വളരെ ആവേശകരമാണ്.’ ഓരോ ഓര്‍ഡറിനും ഒരു മണിക്കൂര്‍ എടുക്കും. അതുകൊണ്ടു തന്നെ ഒരു ദിവസം 7 മുതല്‍ 8 വരെ ലംബോര്‍ഗിനി മാമ്പഴ ഡെലിവറി ആണ് ജഹാന്‍സെബ് ക്രമീകരിച്ചിട്ടുള്ളത്.