അറേബ്യന്‍ നാട്ടിലെ ഭാഗ്യദേവതയെ നമുക്ക് മുന്നിലെത്തിക്കുന്നത് ഒരു മലയാളി

ലോകത്തിന്റെ ഏത് കോണില്‍ പോയാലും മലയാളികള്‍ ഉണ്ടെന്നാണ് വെപ്പ്. ഏത് രാജ്യത്തും ഏത് രംഗത്തും മലയാളികളുടെ സാന്നിധ്യം ഉണ്ട്. ശനിയാഴ്ചകളില്‍ രാത്രി ഒമ്പതിന് നടക്കുന്ന ‘എമിറേറ്റ്സ് ലോട്ടോ’ നറുക്കെടുപ്പില്‍ അവതാരകയായി മലയാളി യുവതിയാണ്. തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ ഐശ്വര്യ അജിതാണ് അവതാരകയായി തിളങ്ങുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമായാണ് അവതരണം. യുഎഇയിലെ അറിയപ്പെടുന്ന മോഡലും അവതാരകയും സംരംഭകയുമാണ് ഐശ്വര്യ.

1990ല്‍ നാലാം വയസിലാണ് െഎശ്വര്യ മാതാപിതാക്കളുടെ കൂടെ യുഎഇയിലെത്തിയത്. സ്‌കൂള്‍ പഠനം ദുബായിലായിരുന്നു. എന്നാല്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയത് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്നും. പിന്നീട് യുഎഇയില്‍ തിരിച്ചെത്തി മലയാളം സ്വകാര്യ ചാനലിലടക്കം വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

‘നമസ്‌കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യന്‍ ദിര്‍ഹമിന്റെ വിജയി? നമുക്ക് കുറച്ച് സമയത്തിനുള്ളില്‍ കണ്ടുപിടിക്കാം’ എന്ന് ഇംഗ്ലീഷിനും ഹിന്ദിക്കും ശേഷം ഐശ്വര്യ പറഞ്ഞപ്പോള്‍ കാണാതെ പഠിച്ച് പറയുന്നത് ആണെന്നാണ് ഏവരും ആദ്യം കരുതിയത്.

ദുബായിലെ ഡ്യുട്ടി ഫ്രീ, അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലും ഡിഎസ്എഫ് നറുക്കെടുപ്പുകളിലും പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും കൂടുതല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരായതിനാല്‍ മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാവുന്ന അവതാരകയായിരിക്കണം വേണ്ടതെന്ന് എമിറേറ്റ്സ് ലോട്ടോ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഐശ്വര്യ എത്തുന്നത്.

‘മലയാളം എന്റെ മൂന്നാം ഭാഷയാണ്’ ഐശ്വര്യ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ‘ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. രണ്ടാമത് ഹിന്ദിയും. മൂന്നാമതായാണ് മലയാളം സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടാണ് മൂന്നാം ഭാഷയെന്ന് പറഞ്ഞത്. എങ്കിലും മലയാളത്തോട് നിറ സ്നേഹം തന്നെ.

‘എമിറേറ്റ്സ് ലോട്ടോയുടെ മുഖങ്ങളിലൊന്നായി എന്നെ തിരഞ്ഞെടുത്തപ്പോള്‍ അതിയായ സന്തോഷം തോന്നി. ലോകത്ത് എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണല്ലോ പറയാറ്. എമിറേറ്റ്സ് ലോട്ടോയിലും മലയാളി ഭാഗ്യം തുടരുന്നുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലും ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനം പങ്കിട്ടെടുത്ത രണ്ടു പേരും മലയാളികളായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടാണ് ഞാന്‍ ആ വേദിയില്‍ സംസാരിക്കുന്നത്’-ഐശ്വര്യ പറഞ്ഞു.