അപ്രതീക്ഷിത അതിഥി ഫ്രെയിമിലേക്ക് എത്തി.. അമ്മയെ വിളിച്ച് കരഞ്ഞ കുഞ്ഞ് യൂട്യൂബറുടെ വീഡിയോ വൈറല്‍

വീടിന്റെ മതിലില്‍ വന്നിരുന്ന അരണയെ കുറിച്ച് ആധികാരികമായി കുറെ വിവരങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അവന്‍. യൂട്യൂബില്‍ വീഡിയോ ഇട്ട് സംഭവം ഒന്ന് വൈറലാക്കാമെന്നും കരുതി കാണും..ഇപ്പോ അതൊക്കെയാണല്ലോ ട്രെന്റ്. പക്ഷേ അപ്രതീക്ഷിതമായി ഫ്രെയിമിലേക്ക് കയറി വന്ന അതിഥിയെ കണ്ട് അവന്‍ ഞെട്ടി, അമ്മയെ വിളിച്ചു കരഞ്ഞു.. സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി ചിരി പടര്‍ത്തുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

വീഡിയോയിലെ ശബദ്ത്തിന്റെ ഉടമയോ വീഡിയോ ഷൂട്ട് ചെയ്ത സ്ഥലമോ ഒന്നും വ്യക്തമല്ല. ആളൊരു കുട്ടി കുറുമ്പന്‍ ആണെന്ന് ശബ്ദത്തില്‍ നിന്ന് വ്യക്തം. അവന്റെ വീട്ടിലെ പറമ്പില്‍ തന്നെയാണ് സംഭവം നടക്കുന്നത്. വീടിന്റെ മതിലില്‍ ഒരു അരണ വന്നിരുന്നു. അത്യാവശ്യം വലിപ്പമൊക്കെയുള്ള ഒരു അരണ. എന്നാല്‍ പിന്നെ അരണയുടെ സ്വഭാവ സവിശേഷതകളൊക്കെ വിശദീകരിച്ച് വീഡിയോ ഷൂട്ട് ചെയ്‌തേക്കാമെന്ന് അവന്‍ കരുതികാണും. വലിയ അരണകളെയും ചെറിയ അരണകളെയും നമ്മള്‍ കാണാറുണ്ട്. മീനിനെയോ കോഴിയേ പിടിക്കാനോ ഒക്കെ വന്നതാകാം എന്നൊക്കെ പറഞ്ഞു തുടങ്ങിയതേയുള്ള കുട്ടി വീഡിയോ വ്‌ലോഗര്‍. ആ സമയത്താണ് ആദ്യം പറഞ്ഞ ആ വിളിക്കാത്ത അതിഥി ഫ്രെയിമിലേക്ക് കയറി വന്നത്. അരണയെപോലെ തന്നെ അത്യാവശ്യം വലിപ്പമൊക്കെയുള്ള ഒരു പാമ്പ്. പാമ്പിനെ കണ്ടതും അവന്റെ ധൈര്യമൊക്കെ പോയി. അമ്മച്ചീ അമ്മച്ചീ എന്ന് വിളിച്ച് ഫോണും വലിച്ചെറിഞ്ഞ് അവന്‍ ഓടി. വീഡിയോ കണ്ടവരൊക്കെ ചിരിച്ചു ചിരിച്ചു മടുത്തു എന്നാണ് പറയുന്നു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വീഡിയോയിലെ താരമായ ബാലനെയും സോഷ്യല്‍ മീഡിയ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.