പിള്ളമനസിലെ വല്യ നന്മ; ഇത്തവണ ഒന്നും കൊടുക്കാത്തവര്‍ കാണണം ഈ വീഡിയോ

കഴിഞ്ഞ തവണ എല്ലാം തട്ടിയെടുക്കാനെത്തിയ പ്രളയത്തെ കേരളം ഒറ്റക്കെട്ടായ് ആണ് തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ തുടക്കത്തില്‍ ആ ഒരുമ എവിടെയോ നമുക്ക് കൈമോശം വന്നു പോയി. എങ്കിലും നമ്മള്‍ തോറ്റില്ല, ഇക്കൊല്ലം ആരും കൊടുക്കുന്നില്ലെന്ന പരാതി ഇത്തിരി വൈകിയെങ്കിലും നമ്മള്‍ തീര്‍ത്തു. തീര്‍ത്തു എന്ന് പറഞ്ഞാല്‍ അതൊരു ഒന്നൊന്നര തീര്‍ക്കലായിരുന്നു. തുരുവനന്തപുരത്തു നിന്ന് വരിവരിയായി ലോറി നിറയെ സാധനങ്ങളയച്ച മേയര്‍ ബ്രോയും തന്റെ കടയിലെ മുഴുവന്‍ തുണിയും എടുത്തുകൊടുത്ത നൗഷാദിക്കയും. സ്‌കൂട്ടര്‍ വിറ്റ് പൈസ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ആദിയും ക്യാന്‍സര്‍ ബാധിച്ച മകന്റെ ചികിത്സയ്ക്കായി എടുത്തുവെച്ച പണം മുഴുവനുംകൊടുത്ത ആ അച്ഛനും ഉള്‍പ്പെടെ കുറെ പേര്‍ ചേര്‍ന്നാണ് ഇത്തവണത്തെ പ്രളയത്തെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ആ കൂട്ടത്തില്‍ നമ്മള്‍ കൂട്ടണം ഈ രണ്ടു മക്കളെയും.തങ്ങളുടെ കയ്യിലുള്ള അവസാന ചില്ലറതുട്ടും ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കിയ ഈ ചേച്ചിയും അനിയനും കൂടിയാണ് നമ്മുടെ ഹീറോസ്. ആലുവ തായിക്കാട്ടുകരയിലെ കളക്ഷന്‍ സെന്ററിലാണ് ഈ ചേച്ചിയും അനിയനും തങ്ങളുടെചെറു സമ്പാദ്യംഏല്‍പ്പിച്ചത്. കൈയിലുള്ള നോട്ടുകള്‍ മുഴുവന്‍ ആദ്യം നല്‍കിയത് അനിയനാണ്. പിന്നാലെ ചേച്ചിയും കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നു ചില്ലറ പൈസകള്‍ എടുത്ത് നല്‍കി. സമീപത്ത് നിന്ന ആരോ ഈ ദൃശ്യങ്ങളൊക്കെ പകര്‍ത്തുന്നുണ്ടായിരുന്നു. അവസാന ചില്ലറത്തുട്ടും ചേച്ചി പുറത്തേക്ക് ഇട്ടപ്പോള്‍ അനിയന്‍ ചെക്കന്‍ അവന്റെ എല്ലാ നിഷ്‌കളങ്കതോയോടും കൂടി പറഞ്ഞു ‘ എടി മുഴുവനും കൊടുക്കല്ലെടീ എന്ന്’ , എന്നിട്ട് തന്റെ കുഞ്ഞി കൈയില്‍ ഒരു പിടി ചില്ലറ അവന്‍ തിരികെ അവളുടെ ബാദിലേക്കിട്ടു. അവന്റെ നിഷ്‌കളങ്കത കണ്ട് ചുറ്റിനും നിന്നവരെല്ലാം പൊട്ടി ചിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ദുരിത ബാധിതരെ സഹായിക്കാന്‍ ഒരു രൂപ പോലും കൊടുക്കാത്തവരൊക്കെ കണ്ണു തുറന്ന് കാണുക, പിള്ളേരാണ്…ഓര്‌ടെ വല്യ മനസാണ് എന്ന അടിക്കുറിപ്പോടെ ഇഖ്ബാല്‍ ഹൈദര്‍ എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.

ദുരിതബാധിതരെ സഹായിക്കാൻ ഒരു രൂപാ പോലും കൊടുക്കാത്തവരൊക്കെ കണ്ണ് തുറന്നുകാണുക.‘പിള്ളേരാണ്.. ഓര്ടെ വല്ല്യ മനസ്സാണ്’😍

Posted by Iqbal Hyder on Wednesday, August 14, 2019