അലഞ്ഞു തിരിയുന്ന പശുക്കളെ കൊണ്ട് പൊറുതിമുട്ടി സർക്കാർ..പശുക്കളെ ദത്തെടുക്കുന്നവർക്ക് ആകർഷക പ്രതിഫലവുമായി സർക്കാരിന്റെ പുതിയ പദ്ധതി

പശുവിനെ ദൈവം ആയി കാണുന്നവർ ഉണ്ട്. പ്രത്യേകിച്ചു അങ്ങ് യുപിയിൽ അത്തരം ആളുകളുടെ എണ്ണവും കൂടുതൽ ആണ്. ദൈവം ഒക്കെ ആണെങ്കിൽ കൂടി അലഞ്ഞു തിരിയുന്ന പശുക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് യുപി സർക്കാർ.

അത് കൊണ്ട് തന്നെ അലഞ്ഞ് തിരിയുന്ന പശുക്കളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍രംഗത്തു എത്തി. പശുക്കള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നവെന്ന കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുപി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. മുഖ്യമന്ത്രി ബേ സഹാര ഗോ വന്‍ഷ് എന്നാണ് പദ്ധതിക്ക് പേര് നല്‍കിയത്. സര്‍ക്കാര്‍ ഗോശാലകളിലെ ഒരുലക്ഷം പശുക്കളെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.

ഓരോ പശുവിനും 30 രൂപ വച്ചു ദത്തെടുക്കുന്ന ആള്‍ക്ക് ദിവസവും പ്രതിഫലം നല്‍കും. ഒരാള്‍ക്ക് പ്രതിമാസം 900 രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയാണെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായകരമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം.

പശുവിനെ ദത്തെടുക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ദിവസേന പണം കൈമാറുക . പദ്ധതിക്കായി 105 കോടിയാണ് ആദ്യഘട്ടത്തില്‍ വകയിരുത്തിയാത്.അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ സര്‍ക്കാറിന് ബാധ്യതയാണെന്നാണ് വിലയിരുത്തല്‍.

2012ലെ കണക്കെടുപ്പ് പ്രകാരം 205 ലക്ഷം കന്നുകാലികളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇതില്‍ 10-12 ലക്ഷം ഉടമകള്‍ ഉപേക്ഷിച്ച് അലഞ്ഞുതിരിയുന്നവയാണ്. 523 രജിസ്റ്റേഡ് ഗോശാലകളാണ് യുപിയില്‍ സര്‍ക്കാര്‍ നടത്തുന്നത്. കോടിക്കണക്കിന് രൂപയാണ് കാലികളെ പരിപാലിക്കുന്നതിനായി ചെലവാക്കുന്നത്. 2019-20 ബജറ്റില്‍ 600 കോടി രൂപയാണ് കന്നുകാലികളുടെ ക്ഷേമത്തിന് വകയിരുത്തിയത്.