മുസ്ലീം കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് ഉപഭോക്താവ്, ആഹാരത്തിന് മതമില്ലെന്ന് സൊമാറ്റോയുടെ തകര്‍പ്പന്‍ മറുപടി..കൈയടിച്ചു സോഷ്യൽ മീഡിയ

ജാതിയുടെയും മതത്തിന്റെയും പിറകേ മനുഷ്യൻ ഓടുന്ന കാലത്തിനു മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. മനുഷ്യർ എല്ലാരും ഒരു ജാതി ആണെന്നും അതിൽ വലുപ്പ ചെറുപ്പം ഇല്ലെന്നും വിശ്വസിക്കുന്ന ഒരു തലമുറ വളർന്നു വരികയാണ്. ഇതിനിടയിലും ജാതിയും മതവും ആണ് എല്ലാം എന്ന് വിശ്വസിക്കുന്ന ചുരുക്കം ചിലരും നമുക്ക് ചുറ്റിലും ഉണ്ട്. ഇത്തരം ഒരാൾക്ക് തകർപ്പൻ മറുപടി കൊടുത്തിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോ.

വിതരണത്തിനെത്തിയ യുവാവ് മുസ്ലീമായതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത ഉപഭോക്താവിന് തകര്‍പ്പന്‍ മറുപടി നല്‍കുകയായിരുന്നു ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമൊരു മതമാണെന്നുമായിരുന്നു സൊമാറ്റോയുടെ മറുപടി ട്വീറ്റ്. ട്വിറ്റര്‍ ഉപയോക്താവ് അമിത് ശുക്ലയാണ് ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഭക്ഷണം സ്വീകരിക്കാതിരുന്നത്. ഇതേക്കുറിച്ച് ഇയാള്‍ സൊമാറ്റോയെ ടാഗ് ചെയ്ത് ട്വീറ്റും ചെയ്തു.

അവര്‍ ഒരു അഹിന്ദുവിനെയാണ് ഭക്ഷണം കൊണ്ടുവരാന്‍ ഏല്‍പ്പിച്ചത്. അയാളെ മാറ്റാനോ പണം തിരികെ നല്‍കാനോ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. അവര്‍ക്ക് എന്നില്‍ ഒരു ഓര്‍ഡര്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എനിക്ക് അത് വേണ്ട. എന്നായിരുന്നു അമിത് ശുക്ലയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് സൊമാറ്റോ രംഗത്തെത്തിയത്. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം ഒരു മതമാണെന്നുമായിരുന്നു ട്വീറ്റ്.

വിതരണക്കാരനെ മാറ്റാന്‍ സൊമാറ്റോയോട് ആവശ്യപ്പെട്ടതിന്റെ സ്‌ക്രീന്‍ ഷോട്ടും അമിത് ശുക്ല പുറത്തുവിട്ടിരുന്നു. മുസ്ലിം ആയ ഡെലിവറി ബോയിയെ മാറ്റണമെന്നായിരുന്നു ആവശ്യം. അങ്ങനെ വന്നാല്‍ ഭക്ഷണത്തിന്റെ തുക തിരിച്ചുനല്‍കാനാകില്ലെന്നായിരുന്നു സൊമാറ്റോയുടെ മറുപടി. ഈ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് കമ്പനിയെ അനുകൂലിച്ചു രംഗത്തുവരുന്നത്. കമ്പനിയുടെ മറുപടി മികച്ചത് ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം.