വെളുപ്പിന് 3 മണിക്കും പരിശോധന ഫലത്തിനായി കാത്തിരിക്കുന്ന ആരോഗ്യ മന്ത്രി, പാതിരാത്രിയും വൈറസിനെ പരതുന്ന മൂന്ന് പെണ്ണുങ്ങള്‍; ഹൃദയം തൊടും കുറിപ്പ്

നിപ എന്ന മഹാരോഗത്തെ ഒരു തവണ മനോഹരമായി അതിജീവിച്ച്, അതിജീവനത്തിന്റെ പുത്തന്‍ മാതൃക ലോകത്തിന് കാണിച്ച് കൊടുത്തവരാണ് നമ്മള്‍. ഇതെന്തു രോഗം എന്ന അങ്കലാപ്പില്ലാതെ എത്ര വലിയ രോഗത്തെയും ഒരുമ കൊണ്ട് നേരിടുമെന്നുറച്ച് നമ്മള്‍ മുന്നോട്ട് പോയപ്പോള്‍ രക്ഷപ്പെട്ടത് കുറച്ചാളുകളോ ഒരു ഗ്രാമമോ എതെങ്കിലും ഒരു ജില്ലയോ അല്ല, കേരളക്കര മൊത്തമാണ്. രോഗത്തെ തുരത്തിയോടിച്ച് ആ വിജയത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ആ മഹാമാരി നമ്മളെ വീണ്ടും തേടിയെത്തിയത്. കഴിഞ്ഞ തവണ 17 വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നെങ്കില്‍ ഇത്തവണ അത്യാഹിതങ്ങള്‍ക്കൊന്നും അവസരം നല്‍കാതെ മനോഹരമായി നിപയെ നമ്മള്‍ കീഴടക്കുന്ന കാഴ്ചയാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത്.

ഇതിനിടയിലാണ് നിപാ കാലത്ത് സേവനമനുഷ്ടിച്ച എറണാകുളം മെഡിക്കല്‍ കൊളെജിലെ പീഡിയാട്രിക്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗണേഷ് മോഹന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. നിപയെ നേരിടാനുള്ള മലയാളികളുടെ പോരാട്ടത്തിന് മുന്നില്‍ നിന്ന് വഴികാണിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ കരുതലിനെ കുറിച്ചും ടീച്ചറോടൊപ്പം വിശ്രമമില്ലാതെ സേവനസന്നദ്ധരായ കുറച്ച് മനുഷ്യരെ കുറിച്ചുമായിരുന്നു ആ കുറിപ്പ്. കണ്ണു നനയാതെ ആ കുറിപ്പ് വായിച്ചു തീര്‍ക്കാന്‍ ആകില്ല നമുക്ക്. ടീച്ചര്‍ക്കൊപ്പം പുനൈ വൈറോളജി ഇന്‍സ്റ്റിയൂട്ടിലെ മൂന്ന് പെണ്‍കുട്ടികളുടെ ആത്മാര്‍ത്ഥതയെ കുറിച്ചു പറയുന്ന വാക്കുകള്‍ ഹൃദയത്തില്‍ തുളയ്ക്കും. നമുക്ക് വേണ്ടി ഉറക്കം വെടിഞ്ഞ, നാടും വീടും ഉപേക്ഷിച്ച്, വിശപ്പ് സഹിച്ച് അവര്‍ പോരാടുകയാണ. നിപ മരണ താണ്ഡവമാടുമ്പോള്‍ നാടിനെ രക്ഷിക്കാന്‍ പോരാടുന്ന ഈ പെണ്‍കൊടികള്‍ നാടിന് അഭിമാനമാണെന്ന് ഉറക്കെ പറയുകായാണ് ഈ കുറിപ്പിലൂടെ.

ഫെയ്‌സ്ബുക്ക് കുറിപ്പ്,

നമ്മുടെ എല്ലാ രാത്രികളിലെയും കാവൽക്കാർ
………

ഇന്നലെ രാത്രി (7/6/19 )അല്പം ആശങ്കപെട്ടു…

ഭീഷണി 🦇 തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോൾ ജില്ലാ ഹെൽത്ത്‌ ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ സർവ്വ സജീകരണങ്ങളുമുള്ള🚑 ആംബുലൻസുകളിൽ എത്തിച്ച മൂന്നു രോഗികൾ മൂർച്ഛിച്ച “നിപ്പാ” രോഗമെന്ന സംശയത്തിൽ ഒന്നിന് പുറകെ ഒന്നായി അഡ്മിറ്റായി..

ഒന്ന് പതറി,
ആശങ്ക പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ…

വിവരം ഡൽഹിയിൽ ഉള്ള ടീച്ചറോട് പറഞ്ഞു..

” ടെൻഷൻ വേണ്ട ഗണേഷ്.. എല്ലാം ശെരിയാകും, നമ്മുടെ പുതിയ സംവിധാനത്തിൽ ടെസ്റ്റ്‌ ചെയൂ ”

ഞാൻ വാച്ചിൽ നോക്കി.

സമയം രാത്രി 9:30

പൂനെ സംഘം ലാബ് പൂട്ടി വിശ്രമിക്കാൻ പോയിരുന്നു…

ഞാൻ അവരെ വിളിച്ചു

ഒരു മടിയും കൂടാതെ അവർ തിരികെ വന്നു.

” ഞങ്ങൾ ടെസ്റ്റ്‌ ചെയ്യാം, പക്ഷെ തീരുമ്പോൾ നേരം വെളുക്കും..

സാർ ഞങ്ങൾക്ക് ഭക്ഷണവും, തിരികെ പോകാൻ ഒരു വാഹനവും റെഡി ആക്കി തരുക ”

ഈ കേന്ദ്രസംഘം എന്നൊക്കെ പറയുമ്പോൾ എന്റെ കുട്ടിക്കാലത്തു ആലപ്പുഴയിലെ ജൂൺ⛈️ മാസത്തിലെ പ്രളയം പഠിക്കാൻ സെപ്റ്റംബർ മാസത്തിൽ വരുന്ന സംഘങ്ങളായിരുന്നു മനസ്സിൽ.

പക്ഷെ ഇത് Dr റീമ സഹായിയുടെ നേതൃത്വത്തിൽ 3 മിടു മിടുക്കികൾ.

നിപ്പയുടെ ‘വാപ്പാ’ വയറസുകളെ കൊണ്ട് അമ്മാനം ആടുന്നവർ…. 🥽

” കൺസിഡർ ഇറ്റ് ടൺ ” ഞാൻ പറഞ്ഞു..

Dr മനോജ്‌ ഞൊടിയിടയിൽ അവർക്ക്‌ കേക്കും , ജൂസും സംഘടിപ്പിച്ചു കൊണ്ടോടി വന്നു.

രോഗികളുടെ സാമ്പിളുകൾ അവധാനതയോടെ എടുത്ത് എന്റെ കുഞ്ഞനിയൻ (എന്റെ സഹപാഠിയുടെ അനുജൻ 💗) Dr നിഖിലേഷ് ലാബിഎത്തിക്കുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു.

നാലഞ്ചു ദിവസത്തെ ക്ഷീണം കാരണം ഞാൻ മെല്ലെ മയങ്ങി വീണു…

വെളുപ്പിന് 3:30 ആയപ്പോൾ എന്റെ ഫോണിന്റെ ബസ്സർ കേട്ടു ഞെട്ടി ഉണർന്നു..

” Dr റീമ ഹിയർ, ഓൾ യുവർ സാംപ്ൾസ് ആർ നെഗറ്റീവ് ”

ഞാൻ ഉച്ചത്തിൽ ചിരിച്ചു,
ആശ്വാസ ചിരി…

ടീച്ചറോട് പറയണം…

ഈ സമയം പറയണോ അതോ നേരം പുലരുന്ന വരെ കാക്കണോ??

വിളിച്ചു നോക്കാം.

അങ്ങനെ രാത്രി 3:40 റിസൾട്ട്‌ പറയാൻ ഞാൻ ടീച്ചറെ വിളിച്ചൂ…

ഒറ്റ റിങ് തീരും മുൻപേ ടീച്ചർ ഫോൺ എടുത്തൂ..

” ഗണേഷ് പറയൂ, റിസൾട്ട്‌ നോർമൽ അല്ലേ? ”

” അതേ ടീച്ചർ ”

” ഇനി നീ ഉറങ്ങിക്കോളൂ, അവനവന്റെ ആരോഗ്യം നോക്കണെ ”

” ശെരി ടീച്ചർ… ഗുഡ് നൈറ്റ് ”

ഞാൻ ഫോൺ വെച്ചു…

ആയിരക്കണക്കിന് കാതങ്ങൾ അകലെ, തനിക്ക് ഒരു പരിചയവുമില്ലാത്ത മൂന്നു പേരുടെ റിസൾട്ട്‌ അറിയാൻ ഉണർന്നിരിക്കുന്ന,
ഫോൺ ഒറ്റ റിങ്ങിൽ എടുക്കുന്ന ആരോഗ്യ മന്ത്രി.. !!

അത്താഴം കഴിക്കാതെ അന്യ നാട്ടിൽ നട്ട പാതിരായ്ക്ക് നിപ്പാ വൈറസിനെ പരതുന്ന 3 ധൈര്യശാലി പെണ്ണുങ്ങൾ.

കോഴിക്കോട് നിന്നും വന്ന് ഒരാഴ്ച്ചയായി വീടും വീട്ടുകാരെയും കളഞ്ഞ് എറണാകുളത്തു രോഗികൾക്കുള്ള ചികിത്സയും സംവിധാനങ്ങളും ചിട്ടപെടുത്താൻ ഇവിടെ ക്യാമ്പ് ചെയുന്ന Dr ചാന്ദ്‌നി….

ഇവരൊക്കെയാണ് മരണ താണ്ഡവങ്ങളിൽ നിന്ന് ഈ നാടിനെ രക്ഷിക്കാൻ കാവൽ നിൽക്കുന്നത്… 💗

-G.M🌻

(പിന്നെ ഈ യുദ്ധത്തിൽ നമ്മെ വിജയിപ്പിക്കാൻ അക്ഷീണ പരിശ്രമം ചെയുന്ന… പുണെയിൽ നിന്നും കൊണ്ട് വന്ന “നിപ്പാ ടെസ്റ്റ്‌ ” മെഷീൻ…

ഈ യുദ്ധം മഹാ മരണത്തിനെതിരെ മനുഷ്യനും യന്ത്രങ്ങളും ചേർന്ന് ഒരുക്കുന്ന വിശാല സഖ്യമാണ് ” )

" നമ്മുടെ എല്ലാ രാത്രികളിലെയും കാവൽക്കാർ "………ഇന്നലെ രാത്രി (7/6/19 )അല്പം ആശങ്കപെട്ടു… ഭീഷണി 🦇 തെല്ലൊന്നു…

Posted by Drganesh Mohan on Saturday, June 8, 2019