പ്രകൃതി സ്നേഹികൾക്ക് ഇതാ ഒരു സന്തോഷവാർത്ത.. ഇനി ജ്യൂസ് കുടിക്കാം ഓർഗാനിക് സ്ട്രോയിൽ..പ്ലാസ്റ്റിക്കിനെ പുറത്താക്കാൻ ഇതാ പുൽ സ്ട്രോ

പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വസ്തുക്കൾ ഉപയോഗിക്കാൻ ആണ് ഇപ്പോൾ നമ്മളിൽ ഏറെപേരും ശ്രദ്ധിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ കൂടിയ ഉപയോഗം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും മടുത്ത നമ്മൾ പ്രകൃതിയിലേക്ക് മടങ്ങി തുടങ്ങി. അതിന്റെ ഉദാഹരണങ്ങളാണ് നമ്മൾ പ്ലാസ്റ്റിക് പ്ലേറ്റുകൾ ഉപേക്ഷിച്ചു സ്റ്റീൽ പ്ലേറ്റുകളും സെറാമിക് പ്ലേറ്റുകളും ഉപയോഗിക്കാൻ തുടങ്ങിയതും മറ്റും. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ഓർഗാനിക് ഉല്പന്നം പരിചയപ്പെടുത്തുകയാണ് ഇവിടെ.

പുല്ല്‌ കൊണ്ടുള്ള സ്ട്രോ ആണ് പുതിയ താരം. വിയറ്റ്നാമിൽ ആണ് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഈ പുതിയ പുൽ സ്ട്രോ കണ്ടു പിടിച്ചിരിക്കുന്നത്. സ്ട്രോ നിർമാണ കമ്പനി ആയ ഓംഹട്ട് കോയുടെ ഉടമയുടെ മനസ്സിൽ ആണ് ഈ ബുദ്ധി ഉദിച്ചത്.

പ്ലാസ്റ്റിക്കിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ നിന്നും ആണ് തനിക്കു ഈ ഐഡിയ തോന്നിയത് എന്ന് ഓംഹട്ട് കോയുടെ ഉടമ ആയ ട്രാൻ മിൻ ടിൻ പറയുന്നു. ഒരു തരം പുല്ലിൽ നിന്നും ആണ് ഈ ഓർഗാനിക് സ്ട്രോ നിർമിക്കുന്നത്. തെക്ക് പടിഞ്ഞാറൻ വിയറ്റ്നാമിൽ മെക്കോം ഡെൽറ്റയിൽ കാണപെടുന്ന ഒരു തരം പുല്ലാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഉണങ്ങിയ പുല്ലും പച്ച പുല്ലും സ്ട്രോ ആയി വിപണിയിൽ എത്തിക്കുന്നുണ്ട്. സ്ട്രോയുടെ നീളം 20 സെന്റി മീറ്റർ ആണ്. കാറ്റു കടക്കാതെ പൊതിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ട് ആഴ്ച്ച വരെ ഈ സ്ട്രോ കേടാകാതെ ഉപയോഗിക്കാം എന്ന് കമ്പനി പറയുന്നു. ഉപ്പ്‌ വെള്ളത്തിൽ സൂക്ഷിച്ചാൽ കൂടുതൽ കാലം ഇത് ഈട് നിൽക്കും എന്നും കമ്പനി പറയുന്നു