ദാഹം മാറ്റാന്‍ മാത്രമല്ല, ജീവന്‍ രക്ഷിക്കാനും ഫുല്‍ജാര്‍ സോഡ

മലപ്പുറം: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും തരംഗമായി മാറിയിരിക്കുകയാണ് നോമ്പുതുറ വിഭവമായി അവതരിപ്പിച്ച ഫുല്‍ജാര്‍ സോഡ. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഫുല്‍ജാര്‍ സോഡയ്ക്ക് വന്‍ ഡിമാന്‍ഡാണ്. എന്നാല്‍ ഇത് സ്വന്തം നേട്ടത്തിന് വേണ്ടിയല്ല സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാനാണ് ഈ യുവാക്കള്‍ ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത് എന്നറിയുമ്പോള്‍ ഫുല്‍ജാര്‍ സോഡയ്ക്ക് രുചിയേറുന്നു.

ഇരുവൃക്കകളും തകരാറിലായി ജീവന്‍ രക്ഷിക്കാന്‍ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശിയായ മന്‍സൂര്‍ എന്ന സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ചങ്ങരംകുളത്തെ ഏതാനും യുവാക്കളാണ് ഫുള്‍ജാര്‍ സോഡ കച്ചവടവുമായി രംഗത്തെത്തിയിരിക്കുന്നത്. കച്ചവടത്തിന്റെ മുഴുവന്‍ ലാഭവിഹിതവും മന്‍സൂറിന്റെ ചികിത്സയ്ക്കായാണ് ഇവര്‍ ഉപയോഗിക്കുന്നത്.

കേരളത്തിലങ്ങോളമിങ്ങോളം ഉള്ള ഫുള്‍ജാര്‍സോഡാ കേന്ദ്രങ്ങളില്‍ ദിവസവും യുവാക്കളുടെ വലിയ നിരയാണ് കാണാനാകുന്നത്. പഴയ ഉപ്പും മുളകുമിട്ട സോഡാ വെളളത്തിന്റെ പുതിയ പതിപ്പാണ് ഫുള്‍ജാര്‍ സോഡ.

സോഡയിലേക്ക് നാരങ്ങ, ഇഞ്ചി, മുളക്, മധുര സിറപ്പ് എന്നിവയുടെ കൂട്ട് ചേര്‍ത്താണ് ഈ പാനീയം ഉണ്ടാക്കുന്നത്. സോഡയിലേക്ക് ഇതിന്റെ മിശ്രിതം ചേര്‍ക്കുമ്പോള്‍ തന്നെ നുരഞ്ഞ് പുറത്തേക്കൊഴുകുന്ന ഈ പാനീയം ഉടന്‍തന്നെ കുടിക്കുമ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ രുചിയറിയാം. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ ഹിറ്റായിരിക്കുന്ന ഫുള്‍ജാര്‍ സോഡയ്ക്ക് 15 രൂപ മുതല്‍ 30 രൂപ വരെ ഈടാക്കുന്നുത്.