മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ വായിലിട്ട രണ്ട് വയസുകാരി ഷോക്കേറ്റു മരിച്ചു; അപകടം നല്‍കുന്ന മുന്നറിയിപ്പ് കാണാതെ പോകരുത്

അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഒരു മൊബൈല്‍ ചാര്‍ജറില്‍ നിന്ന് എന്ത് അപകടം വരാനാണെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ അപകട വാര്‍ത്ത. ന്യൂഡല്‍ഹിയിലെ ജഹാന്‍ഗിരാബാദില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് വൈദ്യുതി പ്രവാഹമേറ്റ് രണ്ട് വയസുകാരി കഴിഞ്ഞ ദിവസം മരിച്ചെന്ന വാര്‍ത്ത നമുക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്.

മുത്തശ്ശനെയും മുത്തശ്ശിയെയും കാണാന്‍ മാതാപിതാക്കളോടൊപ്പം ഗ്രാമത്തില്‍ എത്തിയതായിരുന്നു ഷെവര്‍. അമ്മ റസിയ അവളെ കുറച്ചു നേരം തനിയെ വീടിനകത്തു കളിക്കാന്‍ വിട്ടു. ഈ സമയത്താണ് വീട്ടിലെ മറ്റാരോ ഉപയോഗത്തിന്് ശേഷം വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ അലക്ഷ്യമായി ഇട്ട മൊബൈല്‍ ചാര്‍ജര്‍ ഷെവറിന്റെ കണ്ണില്‍പ്പെട്ടത്.. ചാര്‍ജറിന്റെ വയറെടുത്തു കളിക്കുന്നതിനിടയിലെപ്പോഴോ ഷെവര്‍ അത് വായിലിട്ടു. തത്ക്ഷണം വൈദ്യുതി ആഘാതമേറ്റ് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

പരാതിയുമായി കുട്ടിയുടെ കുടംബം സമീപിക്കാത്തതു കൊണ്ട് സംഭവത്തില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടില്ല. എന്നാല്‍ ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാല്‍ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് ജഹാന്‍ഗിരാബാദ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഈ അപകട വാര്‍ത്ത നമുക്ക് തരുന്ന മുന്നറിയിപ്പിനെ അവഗണിക്കാരുത്. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ കാര്യത്തില്‍ നാം കാണിക്കുന്ന ചെറിയ അശ്രദ്ധ പോലും വിളിച്ചു വരുത്തുക വലിയ അപകടങ്ങളെയായിരിക്കും.