അച്ഛനെ ഉണർത്താൻ ഉറക്കെ വായിച്ചു പഠിച്ച ആര്യ ഇനി ലക്ഷ്യത്തിലേക്ക്

വാഹനാപകടത്തിൽ പെട്ട് അബോധാവസ്ഥയിൽ ആയ അച്ഛനെ ഉണർത്താൻ ഉറക്കെ വായിച്ചു പഠിച്ചു പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും A+നേടിയ ആര്യ എന്ന മിടുക്കിയെ നമ്മൾ ആരും മറന്നിട്ടില്ല. ആര്യയുടെ വാർത്ത അറിഞ്ഞു വീട്ടിലെത്തിയ കോഴിക്കോട് ജില്ലാ കളക്ടർ സാംബ ശിവ റാവു ആര്യയ്ക്ക് പഠിക്കാനുള്ള എല്ലാ സഹായങ്ങളും ലാപ്ടോപ്പും വാഗ്ദാനം ചെയ്തിരുന്നു. കളക്ടർ വീട്ടിൽ എത്തി ലാപ്ടോപ്പ് നൽകിയ സന്തോഷത്തിലാണ് ആര്യ. സ്വന്തമായി വീടുപോലും ഇല്ലാത്ത ആര്യയ്ക്ക് ഇതെല്ലാം സ്വപ്നം പോലെ ആണെന്നും ഇത്ര പെട്ടെന്ന് ലാപ്ടോപ്പ് കിട്ടും എന്ന് പ്രതീക്ഷിച്ചില്ലെന്നും ആര്യ പറയുന്നു.

ആര്യയുടെ അച്ഛൻ രാജൻ ഒരു അപകടത്തിൽ പെട്ട് ഒരു വശം തളർന്നു ഓർമ്മകൾ നഷ്ട്ടപെട്ടു കോമയിലാണ്. അച്ഛനെ ജീവിതത്തിലേക്ക് കൊണ്ട് വരാനായി അടുത്തിരുന്നു ഉറക്കെ വിളിച്ചു കൊണ്ടിരിക്കാൻ ഡോക്ടർമാരാണ് ആവശ്യപ്പെട്ടത്. എന്നാൽ ആര്യ ചെയ്തത് രാവും പകലും അച്ഛന്റെ അടുത്തിരുന്നു ഉറക്കെ വായിച്ചു പഠിക്കുകയാണ്. അച്ഛൻ കിടപ്പിലായപ്പോൾ ആര്യ പഠനം പോലും ഉപേക്ഷിച്ചു ഒന്നര മാസം അച്ഛന്റെ അരികിലിരുന്നു. എന്നാൽ പിന്നീട് അച്ഛൻ ഉണരുമ്പോൾ പരീക്ഷയെ കുറിച്ചു ചോദിക്കും എന്നും അപ്പോൾ അച്ഛന് ഏറ്റവും നല്ല വാർത്ത നൽകണം എന്നും ആര്യ തീരുമാനിച്ചു. അങ്ങനെയാണ് ആര്യ പഠനം അച്ഛനുള്ള ചിക്ത്സയാക്കി മാറ്റുന്നത്.

ഇത്രയും ജീവിത പ്രശ്നങ്ങൾക്കിടയിൽ ഈ മിടുക്കി നേടിയ വിജയം അത്ഭുതത്തോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്.അച്ഛന്റെ ചികിത്സയ്ക്ക് തന്റെ പഠനം സഹായമാകും എന്ന ആര്യയുടെ കണക്ക് കൂട്ടലും തെറ്റിയില്ല.സർക്കാർ അടക്കം നിരവധിപേരാണ് ആര്യയ്ക്ക് സഹായവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോൾ പ്ലസ് വണ്ണിനു ചേരണം എന്നും പിന്നെ എൻട്രൻസ് എഴുതി മെഡിക്കൽ രംഗത്തേക്ക് പോകണം എന്നുമാണ് ആര്യയുടെ ലക്ഷ്യം. എന്നാൽ എല്ലാത്തിലും അപ്പുറം അച്ഛൻ പഴയതു പോലെ ആകുകയാണ് ആര്യയുടെ ഏക ലക്ഷ്യം എന്ന് ഈ സന്ദർശകരുടെ തിരക്കിനിടയിലും ഇടയ്ക്കിടെ അച്ഛന്റെ അടുത്തേക്ക് നീളുന്ന ആര്യയുടെ കണ്ണുകൾ നമ്മോട് പറയുന്നു