എന്റെ വിശപ്പ് മാറി നില്‍ക്കും, അയാളോട് മഴ മാറും വരെ കാത്തിരിക്കാന്‍ പറയൂ…വൈറലായി യുവതിയുടെ ചാറ്റ്

സ്വിഗ്ഗിയും സൊമാറ്റോയും ഊബര്‍ ഈറ്റ്‌സുമൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണിപ്പോള്‍. വിശപ്പിന്റെ വിളിയെത്തും മുന്‍പേ ഫോണ്‍ എടുത്ത് ഇവരെയൊക്കെ വിളിച്ചിട്ടുണ്ടാകും നമ്മള്‍. പിന്നെ ഒരു കാത്തിരിപ്പാണ്, പ്രീയപ്പെട്ട ഭക്ഷണപ്പൊതിയുമായി അയാള്‍ ബൈക്കില്‍ വരുന്നതും നോക്കി. ചിലപ്പോഴൊക്കെ ആ കാത്തിരിപ്പ് കുറച്ചു കൂടിയാല്‍ നമുക്ക് മുഷിയാറുണ്ട്.

വെയിലും മഴയും ട്രാഫിക്കും പൊടിയുമൊക്കെ മറികടന്നു അതു കൊണ്ടുവരുന്നയാളെ കുറിച്ച് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം. അവരെ കുറിച്ചും ചിന്തയുള്ള ഒരാളെകുറിച്ചാണ് പറഞ്ഞു വരുന്നത്. മനുഷ്യത്വത്തിന്റെ ഉദാഹരണമായി മാറിയ ഒരാളെ കുറിച്ച്. ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ ഭക്ഷണം ബുക്ക് ചെയ്ത വിജിയും സൊമാറ്റോയുടെ കസ്റ്റമര്‍കെയറും തമ്മിലുള്ള ഒരു ചാറ്റാണ് സംഭവത്തിന് ആധാരം. താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നെന്നും എന്നാല്‍ ഇവിടെ നല്ല മഴയാണെന്നും പറഞ്ഞാണ് വിജി സൊമാറ്റോ കസ്റ്റമയര്‍ കെയറുമായി ചാറ്റ് ആരംഭിക്കുന്നത്.

ഓര്‍ഡര്‍ ചെയ്ത ഫുഡുമായി വരുംവഴി ഡെലിവറി ബോയ് മഴ നനയാതിരിക്കാന്‍ എവിടെയെങ്കിലും കയറി നില്‍ക്കുന്നതാണ് നല്ലതെന്നും ചാറ്റില്‍ വിജി സൂചിപ്പിക്കുന്നു. എവിടെയങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോള്‍ വന്നാല്‍ മതി എന്ന് ഡെലിവറി ബോയിയോട് പറയാന്‍ കഴിയുമോ എന്നും വിജി ചാറ്റിലൂടെ ചോദിക്കുന്നുണ്ട്. തന്റെ വിശപ്പ് മാറി നിന്നോളുമെന്നും സേഫ്റ്റിയാണ് മുഖ്യമെന്നും തമാശയിലൂടെ വിജി കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥനെ ഓര്‍മ്മിപ്പിക്കുന്നു. ഓര്‍ഡര്‍ ചെയ്ത വാലറ്റുമായി ഡെലിവറി ബോയ് വന്നുകൊണ്ടിരിക്കുകയാണെന്നും മഴ കൊള്ളാതെ മാറി നില്‍ക്കണമെന്ന തന്റെ സന്ദേശം അയാളെ അറിയിച്ചിട്ടുണ്ടെന്നും കസ്റ്റമര്‍ കെയര്‍ സര്‍വീസ് വിജിക്ക് മറുപടി നല്‍കുന്നുണ്ട്. വിജിയുടെ മാനുഷിക പരിഗണനയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ് ചാറ്റ് അവസാനിപ്പിക്കുന്നത്.പ്രശസ്ത ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിയില്‍ വിജി സൊമാറ്റോയുമായി നടത്തിയ ചാറ്റ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. പിന്നാലെ വിജിയുടെ നല്ല മനസിന് അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.