ഒരു ആനമാറാട്ടത്തിന്റെ കഥ

ആൾമാറാട്ടം എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ആനമാറാട്ടം എന്ന് കേട്ടിട്ടുണ്ടോ. ഇല്ല അല്ലേ? ഇനി പറയാൻ പോകുന്നത് ഒരു ആനമാറാട്ടത്തിന്റെ കഥ ആണ്. പൂരത്തിന് ഏഴുന്നെള്ളിപ്പിനു കൊമ്പനാനയുടെ എണ്ണം തികയാതെ വന്നപ്പോൾ പിടിയാനയെ മേക്കപ്പ് ഇട്ടു കൊമ്പനാനയാക്കുകയായിരുന്നു ചില വിരുതന്മാർ.

പാലക്കാട് ചെർപ്പുളശ്ശേരി തൂതപൂരത്തിനാണ് സംഭവം ഉണ്ടായത്. എഴുന്നള്ളത്തിന് എണ്ണം തികയാതെ വന്നപ്പോൾ ഇന്ദിര എന്ന പിടിയാനയെ മേക്കപ്പ് ഇട്ടു കൊമ്പനാനയാക്കുകയായിരുന്നു. ഇന്ദിരയ്ക്ക് ഫൈബർ കൊമ്പു ഘടിപ്പിച്ചാണ് കൊമ്പനാനയാക്കി മാറ്റിയത്. കൊമ്പു ഘടിപ്പിച്ചു കൊല്ലങ്കോട് കേശവൻ എന്ന് പറഞ്ഞാണ് ഇന്ദിരയെ എഴുന്നള്ളിച്ചത്.

എന്നാൽ എഴുന്നള്ളത് കഴിഞ്ഞു ഇത്തിരി നേരം കഴിഞ്ഞപ്പോൾ തന്നെ ആനയുടെ മട്ടും ഭാവവും ചർച്ച ആയി. ആന പ്രേമികൾ ആനയെ ശ്രദ്ധിച്ചതോടെ കള്ളി വെളിച്ചതാവാൻ അധികം നേരമെടുത്തില്ല. കൊല്ലങ്കോട് കേശവൻ അല്ല ലക്കടി ഇന്ദിരയാണ് ആനമാറാട്ടം നടത്തി എഴുന്നള്ളിയത് എന്ന് ആനപ്രേമികൾ മനസിലാക്കിയതോടെ രംഗം വഷളായി.

15 ആനകൾ ആയിരുന്നു എഴുന്നള്ളത്തിനു വേണ്ടിയിരുന്നത്. ഒരു ആനയുടെ കുറവ് വന്നതോടെയാണ് ഈ സാഹസത്തിനു മുതിർന്നത്. പല ക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നളിക്കുന്ന പതിവ് ഉണ്ടെങ്കിലും തൂതപൂരത്തിന് ഇങ്ങനൊരു പതിവില്ല. ആനമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ എന്തായാലും തൂത ക്ഷേത്ര കമ്മിറ്റി അടിയന്തര യോഗം ചേരുന്നുണ്ട്