ഫിനിക്‌സ് എന്നാണ് അവന്റെ പേര്; തോറ്റ ചരിത്രം കേട്ടിട്ടില്ല

ഒരു പുതിയ കാര്യം പഠിച്ചെടുക്കുക എന്നത് ഒട്ടും എളുപ്പമുള്ള സംഗതിയല്ല. അതില്‍ മാസ്റ്ററാകുക എന്നത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ എടുത്ത് ചെയ്യാവുന്ന കാര്യമാണ്. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ തോറ്റ് കൊടുക്കാന്‍ മടിയില്ലാത്ത ഒരു കൊച്ചു മിടുക്കനുണ്ട്. അവനെ പ്രോത്സാഹിക്കുന്ന കൂട്ടുകാരും അധ്യാപകനുമുണ്ട്. കണ്ണുനീര്‍ കാഴ്ച മറച്ചിട്ടും പിന്മാറാതെ മുന്നോട്ടു പോകുന്ന അവന്റെ മനക്കരുത്ത് ആരുടേയും ഹൃദയം കവരും.

ഇന്റര്‍നെറ്റിന്റെ ഹൃദയം കവര്‍ന്ന ആ വീഡിയോ കരാട്ടെ പഠിക്കുന്ന ഒരു കൊച്ചു പയ്യന്റേതാണ്. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലാണ് സംഭവം. ഫിനിക്‌സ് എന്ന ബാലന്‍ ബോബി ഡിക്‌സണ്‍ന്റെ അമേരിക്കന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ്. ഫിനിക്‌സ് അധ്യാപകന്റെ കൈവശമിരിക്കുന്ന ടൈല്‍ പലതവണ തകര്‍ക്കാന്‍ ശ്രമിക്കുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷെ തോറ്റ് പിന്മാറാന്‍ ഫിനിക്‌സ് തയ്യാറല്ല. നിറഞ്ഞ കണ്ണുകളോടെ അവന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നു. ഒപ്പം അവനെ പ്രോത്സാഹിപ്പിച്ച് കൊണ്ട് സുഹൃത്തുക്കള്‍ ആരവം മുഴക്കുന്നത് കാണാം.

അധ്യാപകന്‍ എറിക് ജിയാനിയുടേയും സുഹൃത്തുക്കളുടേയും നിര്‍ബന്ധവും പ്രോത്സാഹനവും കൊണ്ടാണ് പരാജയപ്പെട്ട് പിന്മാറാന്‍ ഫിനിക്‌സ് തയ്യാറാവാത്തത്. ക്ലാസിലെ മറ്റുകുട്ടികള്‍ ആര്‍ത്തു വിളിച്ചു കൊണ്ട് അവനെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. അവര്‍ക്ക് അവനില്‍ അത്ര വിശ്വാസമുണ്ട്. ഒടുവില്‍ ഫിനിക്‌സ് ആ ടൈല്‍ തകര്‍ക്കുന്നത് കാണാം. ഇതിനു പിന്നാലെ സുഹൃത്തുക്കള്‍ ഓടി വന്ന് അവനെ കെട്ടിപ്പിടിക്കുന്നു.

പ്രതീക്ഷ നഷ്ടപ്പെടാതെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വിജയം ഉറപ്പാണെന്ന ചിന്തയാണ് ഈ വീഡിയോ കാഴ്ചക്കാരില്‍ സൃഷ്ടിക്കുന്നത്. ഫിനിക്‌സിന്റെ അമ്മ ക്ലോഡിയയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തു. 26 ലക്ഷത്തിലധികം ആളുകളാണ് ഇതോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമെല്ലാമുണ്ട് വീഡിയോയ്ക്ക്. എല്ലാവരും ഫിനിക്‌സിനും അവന്റെ അധ്യാപകനും കൂട്ടുകാര്‍ക്കും കൈയ്യടിക്കുകയാണ്.